ഗൗരവ പൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ ,മലയാള ഭാഷയെയും സംസ്ക്കാരത്തെയും സാഹിത്യത്തെയും ജീവിതത്തോടു ചേര്‍ത്ത് പിടിക്കുന്നതിനു ബഹ്‌റൈന്‍ കേരളീയ സമാജം ചിട്ടയായ ശ്രമങ്ങള്‍ ആണ് നടത്തുന്നത് അത് കൊണ്ട് തന്നെ പ്രവാസിയുടെ എഴുത്തിനെയും സാഹിത്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെയും ഇന്ന് കേരളവും ഇന്ത്യയും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് സമാജം സാഹിത്യ വിഭാഗമാണ് .
സാഹിത്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ നിര്‍വഹിക്കുന്നതിനായി വിവിധ ഉപവിഭാഗങ്ങളും നിലവിലുണ്ട്. പ്രധാന ഉപവിഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
1. സാഹിത്യ വേദി
2. മലയാളം പാഠശാല
3. പ്രസംഗ വേദി
4. ജാലകം വാര്‍ത്ത മാസിക
5. ബാല സാഹിത്യ വേദി
സാഹിത്യവേദി
സാഹിത്യ സംബന്ധിയായ ചര്‍ച്ചകളും സംവാദങ്ങളും പഠന ക്ലാസുകളും ശില്പ ശാലകളും അടക്കം നിരവധി പ്രവര്‍ത്തനങ്ങളാണ് സാഹിത്യ വേദി നടത്തുന്നത്. അംഗങ്ങളുടെ സര്‍ഗ്ഗ സൃഷ്ടികള്‍ അവതരിപ്പിക്കാനും വിലയിരുത്താനുമുള്ള വേദിയായി സാഹിത്യ വിഭാഗം നില കൊള്ളുന്നു അതോടൊപ്പം ലോകോത്തര രചനകളെ പരിചയപ്പെടാനും എഴുത്തിന്റെയും വായനയുടെയും പുതു വർത്തമാനങ്ങൾ പങ്കു വെക്കുവാനും വിലയിരുത്തുവാനുമുള്ള അവസരങ്ങള്‍ സമാജത്തിൽ ലഭ്യമാണ്. ഒപ്പം പ്രവാസ എഴുത്തുകാര്‍ക്കായി കഥ, കവിത മത്സരങ്ങളും അവാര്‍ഡുകളും സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നൽകി വരുന്നുണ്ട്.
മലയാളംപാഠശാല
കേരളത്തിനു വെളിയിലെ ഏറ്റവും വലിയ ഭാഷാ പഠന കേന്ദ്രമാണ് സമാജം മലയാളം പാഠശാല. ആയിരത്തോളം കുട്ടികളാണ് സമാജത്തിൽ മലയാളം അഭ്യസിക്കുന്നത് . ഗള്‍ഫില്‍ വളരുന്ന കുട്ടികള്‍ക്ക് മലയാളഭാഷ പഠിക്കാനുള്ള അവസരമാണ് മലയാള പാഠശാല വഴി കൈവരുന്നത് . ഭാഷ പരിജ്ഞാന ത്തോടൊപ്പം ഇതര കഴിവുകളേയും പരിപോഷിക്കുന്നതിനു ശില്‍പ്പശാലകളും കളിയരങ്ങുകളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട് നാലപ്തോളം അധ്യാപകരും പ്രധാന അധ്യാപകനുമടക്കം ചിട്ടപ്പെടുത്തിയ പഠന പദ്ധതിയും പാഠപുസ്തകങ്ങളും അടക്കം ഒരു വിദ്യാലയത്തിന്റെ മാതൃകയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേരളത്തെയും കേരളീയ സംസ്ക്കാരത്തെയും ഭൂപ്രകൃതിയേയും പരിചയപ്പെടുത്തുന്ന വിഡിയോ പ്രദര്‍ശനങ്ങളും നാട്ടില്‍ നിന്നും എത്തുന്ന വിദഗ്ധരായ വ്യക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പുകളും പാഠ ശാലയില്‍ ഉണ്ട്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രി എട്ടു മണിമുതല്‍ ഒന്‍പതര വരെയാണ് പാഠശാല പ്രവര്‍ത്തിക്കുന്നത്. അവധിക്കാലങ്ങളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. സമാജം മലയാളം പാഠശാല കേരള സര്ക്കാരിന്റെ മലയാളം മിഷന്റെ അംഗീകാരവും നേടിയിട്ടുണ്ട്.
പ്രസംഗവേദി
പ്രസംഗ കലയുടെ ലോകത്തേക്ക് ചിട്ടയായ പരിശീലനം നല്‍കുന്ന കളരിയാണ് പ്രസംഗ വേദി. അതോടൊപ്പം ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന സംവാദങ്ങളും സെമിനാറുകളും പ്രസംഗവേദിയാണ് ഏകോപിപ്പിക്കുന്നത്.പ്രസംഗ പരിശീലത്തിനായി മലയാളം ടോസ്റ്റ് മാസ്റെര്‍ എന്ന പ്രത്യേക വിഭാഗവും പ്രസംഗ വേദിയില്‍ ആരംഭിച്ചിട്ടുണ്ട്.
ജാലകം
പ്രവാസ എഴുത്തുകാരുടെ രചനകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സമാജം പ്രസിദ്ധീകരിക്കുന്ന ആനുകാലികമാണ് ജാലകം. സര്‍ഗാത്മക രചനകള്ക്കൊപ്പം സമാജം വാര്‍ത്തകളും ചിത്രങ്ങളുമായാണ് ജാലകം പുറത്തിറങ്ങുന്നത്. ജാലകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പുകള്‍ സമാജം വെബ്സൈറ്റിലും ലഭ്യമാണ്.
ബാലസാഹിത്യവേദി
കുട്ടികളുടെ ഭാഷ സാഹിത്യപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സമാജം ഒരുക്കുന്ന ഭൂമികയാണ് ബാല സാഹിത്യവേദി. കവിതകളും കുട്ടികഥകളും പ്രസംഗങ്ങളുമടക്കം കൊച്ചു കൂട്ടുകാര്‍ക്ക് അവരുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള ഒരു വേദിയായി ബാല സാഹിത്യവേദി നിലകൊള്ളുന്നു.
സമാജം സാഹിത്യ പുരസ്ക്കാരം
മലയാള ഭാഷക്കും സാഹിത്യത്തിനും സമഗ്ര സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരെ ആദരിക്കാനായി രണ്ടായിരത്തില്‍ ആരംഭിച്ച സമാജം സാഹിത്യ പുരസ്ക്കാരം ഇന്ന് കേരളത്തിലെ ശ്രദ്ധേയമായ സാഹിത്യ പുരസ്ക്കരമായി മാറിയിരിക്കുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാര ജേതാക്കള്‍ക്ക് നല്‍കുന്നത്. മലയാള സാഹിത്യത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാര്‍ ആയ എം. മുകുന്ദന്‍, എം. ടി. വാസുദേവന്‍ നായര്‍, സച്ചിദാനന്ദൻ, ഓ. എന്‍. വി. കുറുപ്പ്, സുഗതകുമാരി, കെ. ടി. മുഹമ്മദ്, സി. രാധാകൃഷ്ണന്‍, കാക്കനാടൻ, സുകുമാര്‍ അഴീകോട്, സേതു, ടി. പദ്മനാഭൻ, പ്രൊഫ. എം. കെ. സാനു. തുടങ്ങിയവരെ മുന്‍വര്‍ഷങ്ങളില്‍ സാഹിത്യ പുരസ്ക്കാരം നല്‍കി ആദരിച്ചിരുന്നു. സാഹിത്യ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അംഗങ്ങളായിട്ടുള്ള വിധി നിര്‍ണ്ണയ കമ്മിറ്റിയാണ് പുരസ്കാരത്തിനര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.
ജി.സി.സി സാഹിത്യ ക്യാമ്പ്
രണ്ടായിരത്തി പത്തില്‍ ഇടം പ്രദമായി സമാജം കേരളസാഹിത്യ അക്കാദമിയുമായി സാഹചരിച്ചു ത്രിദിന ജി സി സി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചത്. എം മുകുന്ദന്‍, കെ പി രാമനുണ്ണി, ഡോ. കെ എസ് രവികുമാര്‍ എന്നിവര്‍ നയിച്ച ക്യാമ്പില്‍ സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ സാഹിത്യ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.
രണ്ടായിരത്തി പതിനൊന്നിലെ രണ്ടാമത് സാഹിത്യക്യാമ്പ് പെരുമ്പടവം ശ്രീധരന്‍, സേതു, കെ.ആര്‍. മീര, ബെന്യാമിന്‍, ബാലചന്ദ്രന്‍ വടക്കേടത് തുടങ്ങിയവര്‍ നയിച്ചു. എന്പതോളം പേര്‍ ആണ് ക്യാമ്പില്‍ പങ്കെടുത്തത്.
രണ്ടായിരത്തി പന്ത്രണ്ടിലെ സാഹിത്യ ക്യാമ്പിനു ടി പദ്മനാഭന്‍, ഡോ കെ ജി ശങ്കരപ്പിള്ള , പി കെ പാറക്കടവ്, ഡോ. കെ.എസ്. രവി കുമാര്‍, ബെന്യാമിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ അംഗങ്ങളുടെ കഥ ചര്‍ച്ച, സംവാദങ്ങള്‍ പഠന ക്ലാസുകള്‍ എന്നിവ ഉണ്ടായിരുന്നു.
ബഹുമതികള്‍
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ വേദികളില്‍ സജീവ സാനിധ്യമായ ആടുജീവിതത്ത്തിന്റെ കഥാകാരന്‍ ബെന്യാമിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത് സമാജത്തിനു അഭിമാനിക്കാവുന്ന നിമിഷമായിരുന്നു. സുധീശ് രാഘവന്‍, സുധി പുത്തന്‍ വേലിക്കര, ശ്രീദേവി മേനോന്‍, ഷീജ ജയന്‍, സുള്‍ഫി, ബാജി ഓടംവേലി, അജിത് നായര്‍ തുടങ്ങി നിരവധി സമാജം അംഗങ്ങളുടെ രചനകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
അന്താരാഷ്‌ട്ര പുസ്തക മേള.
സമാജവും ഡി.സി.ബുക്സുമായി സഹകരിച്ചു 2013ല്‍ എട്ടു ദിവസം നീണ്ട അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചു. ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളിലായി നാല്പതിനായിരം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പ്രമുഖ സാഹിത്യകാരി ജയശ്രീ മിശ്ര ഉദ്ഘാടനം ചെയ്ത മേളയിൽ സച്ചിദാനന്ദൻ, എൻ. എസ്. മാധവൻ, പ്രൊഫ. എം. കെ. സാനു. ടി ഡി രാമകൃഷ്ണൻ, ബെന്യാമിൻ എന്നിവർ പങ്കെടുത്തു. മേളയുടെ ഭാഗമായി സാഹിത്യ ചർച്ചകളും മുഖാമുഖങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.