ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള ബഹറൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സെപ്റ്റംബർ 6 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുമെന്ന് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന രുചി മേളക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും സെലിബ്രൈറ്റികളുമൊക്കെ പ്രദർശനം കാണാൻ എത്തിച്ചേരുമെന്നും പി വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
വിവിധ ഭക്ഷണ സംസ്ക്കാരത്തെ പ്രതിനിധികരിക്കുന്ന മുപ്പതോളം സ്റ്റാളുകളിൽ ആയിരകണക്കിന് ആളുകൾ സന്ദർശിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ 6 വെള്ളിയാഴ്ച രണ്ട് മണി മുതൽ നടക്കുന്ന മഹാ രുചിമേളക്കിടയിൽ നിരവധി വിനോദ പരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവതാരകനും മജിഷ്യനുമായ രാജ് കലേഷ് പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് മ ഹാ രുചിമേള കൺവീനർ എൽദോ പൗലോസ് 39545643 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വറുഗീസ് ജോർജ്ജ് ജനറൽ കൺവീനറായ സംഘാടക സമിതിയാണ് ഈ വർഷത്തെ സമാജം ഓണാഘോഷമായ ശ്രാവണം സംഘടിപ്പിക്കുന്നത്. ഏവർക്കും സ്വാഗതം.