ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൃസ്വ ചലച്ചിത്ര മേളയിൽ മികച്ച ചിത്രമുൾപ്പടെ നാല് അവാർഡുകൾ രഞ്ജു റാൻഷ് സംവിധാനം ചെയ്ത റിപ്ലിക്ക എന്ന ചിത്രം കരസ്ഥമാക്കി. പ്രശസ്ത സംവിധായകൻ ജി എസ് വിജയൻ, സംവിധായകനും ഛായാഗ്രാഹകനുമായ വിപിൻ മോഹൻ, കലാസംവിധായകനും, കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി മെമ്പറുമായ റോയി പി തോമസ് എന്നിവർ വിധി കർത്താക്കളായ മേളയിൽ പ്രവാസി കലാകാരൻമാർ സംവിധാനം നിർവ്വഹിച്ച ഇരുപത്തിരണ്ടോളം ചിത്രങ്ങളാണ് മാറ്റുരച്ചത്. മികച്ച ചിത്രം (റിപ്ലിക്ക),മികച്ച സംവിധാനം രഞ്ജു റാൻഷ് (റിപ്ലിക്ക), സ്ക്രിപ്റ്റ് കൃഷ്ണകുമാർ പയ്യന്നൂർ (ശ്രീധരൻ സാറിന് ആദരാഞ്ജലികൾ), ഛായഗ്രഹണം ഉണ്ണികൃഷ്ണൻ സി ബി (ഓർമ്മ ), ചിത്രസംയോജനം ഹാരീസ് ഇക്കാച്ചു (റിപ്ലിക്ക), നടൻ രഞ്ജു റാൻഷ് (റിപ്ലിക്ക), നടി സ്റ്റീവ മെർലിൻ ഐസക്ക് (ഓർമ്മ), എന്നിവർ അവാർഡുകൾ കരസ്ഥമാക്കി.
തത്സമയ തിരഞ്ഞെടുപ്പിലൂടെ സൗരവ് രാകേഷ് സംവിധാനം ചെയ്ത ആലിസ് എന്ന ചിത്രത്തിന് ഓഡിയൻസ് ചോയ്‌സ് അവാർഡും ലഭിച്ചു. കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചു നടന്ന പ്രൗഡഗംഭീരമായ പുരസ്ക്കാര നിശയിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള വിജയികളെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകൻ ശ്രീ സിബിമലയിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു,പുരസ്കാരത്തോടൊപ്പം എപ്സൺ ഐ പോയിന്റ് സ്പോൺസർ ചെയ്ത ആയിരത്തി അഞ്ഞൂറ് ഡോളർ വിലവരുന്ന സമ്മാനങ്ങളും വിജയികൾക്കായി നൽകി. പ്രസ്തുത ചടങ്ങിൽ വച്ച് മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ബി കെ എസ് ഫിലിം ക്ലബ്ബ് ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ശ്രീ സിബി മലയിന് നൽകി ആദരിച്ചു. ടോപ്പ് സിംഗർ ഫെയിം മാസ്റ്റർ അർജുൻദേവിന്റെ ഗാനത്തോടെ ആരംഭിച്ച ഔദ്യോഗിക പരിപാടിയിൽ സിബി മലയിൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച നൃത്തവും മികവുറ്റതായി. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ള, ഫെസ്റ്റിവൽ കോർഡിനേറ്റർ അജയ് പി നായർ മറ്റു കമ്മറ്റി അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി. ബിജു എം സതീഷ്, വിജിന സന്തോഷ് എന്നിവർ അവതാരകരായി.