സമാജത്തിൽ നാടകോത്സവ അരങ്ങ് ഉണരുകയായി
ബി.കെ.എസ് സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന, പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം 2022 ജനുവരി 11 മുതൽ 19 വരെ, കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടത്തപ്പെടുന്നു. ഒൻപത് രാത്രികളിലായി ഒൻപത് നാടകങ്ങൾ, ബഹറിനിലെ നാടക പ്രേമികൾക്കായി ഒരുങ്ങിയിരിക്കുന്നതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി ദേവൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഒരു നാടകാവതരണ ത്തിലൂടെയാണ് ബഹറിൻ കേരളസമാജം 75 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതെന്നും, തുടർച്ചയായ ഒമ്പത് ദിവസങ്ങൾ സമാജം ഡയമണ്ട് ജൂബിലി ഹാൾ നാടകങ്ങൾക്ക് മാത്രമായി ഒരുക്കി നിർതുന്നത് നടാടെ ആണെന്നും, സമാജം പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
ഉദ്ഘാടന ദിവസം ജനവരി 11 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ബഹ്റൈൻ കേരളീയ സമാജം പുസ്തകശാല മുഖ്യ പ്രായോജകരായ, ബേബിക്കുട്ടൻ കൊയിലാണ്ടി യുടെ സംവിധാനത്തിൽ അരങ്ങിലെത്തുന്ന നാടകം "ദി ലാസ്‌റ് സല്യൂട്ട് ". ജയൻ തീരുമന , പ്രെറ്റി റോയ് എന്നിവരാണ് രചയിതാക്കൾ.
രണ്ടാം ദിനം ജനുവരി 12 ബുധനാഴ്ച ജയൻ മേലേത്ത് എഴുതി സംവിധാനം ചെയ്ത നാടകം 'അനർഘ നിമിഷങ്ങൾ' അരങ്ങിലെത്തുന്നു. ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയാണ് നാടകം അണിയിച്ചൊരുക്കുന്നത്.
മൂന്നാം ദിനം ജനുവരി 13 വ്യാഴാഴ്ച കലാകേന്ദ്ര ആർട്സ് സെന്റർ അവതരിപ്പിക്കുന്ന നാടകം 'ഉമ്മീദ്'. രചന സംവിധാനം പ്രജിത് നമ്പ്യാർ.
നാലാം ദിനം ജനുവരി 14 വെള്ളിയാഴ്ച വൈഖരി അവതരിപ്പിക്കുന്ന നാടകം 'ദ്രാവിഡപ്പെണ്ണ്'. രചന സംവിധാനം ദീപ ജയചന്ദ്രൻ .
അഞ്ചാം ദിനം ജനുവരി 15 ശനി, നാടകം 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കഥ' പ്രദീപ് മണ്ടൂരിന്റെ രചനയിൽ കൃഷ്ണകുമാർ പയ്യന്നൂർ സംവിധാനം ചെയുന്നു . കോൺവെക്സ് മീഡിയ, സഹൃദയ പയ്യന്നൂർ എന്നിവരാണ് നാടകം അണിയിച്ചൊരുക്കുന്നത്.
നാടകോത്സവം ആറാം ദിനം ജനുവരി 16 ഞായർ, ബോണി ജോസ് എഴുതി സംവിധാനം ചെയ്തു അരങ്ങിലെത്തുന്നു 'കൂട്ട് ' എന്ന നാടകം.
ഏഴാം ദിവസം, ജനുവരി 17 തിങ്കളാഴ്ച ഔർ ക്ലിക്‌സും പ്രവാസി ബഹ്‌റൈനും സംയുക്തമായി അവതരിപ്പിക്കുന്നു, 'അനാമികളുടെ വിലാപം', രചന ഗിരീഷ് പീ സീ പാലം. സംവിധാനം ശ്രീജിത്ത് പറശ്ശിനി.
ജനുവരി 18 ചൊവ്വാഴ്ച എട്ടാം ദിവസം അരങ്ങിലെത്തുന്നു 'ഐ സീ യു', ജയൻ മേലെത്തിൻ്റെ രചനയിൽ ഷാഗിത്ത് രമേശിൻ്റെ സംവിധാനം.
നാടകോത്സവം അവസാനദിനം, ജനുവരി 19 ബുധനാഴ്ച. ഫിറോസ് തിരുവത്രയുടെ രചനയിൽ ഹരീഷ് മേനോൻ്റെ സംവിധാനത്തിൽ 'അൽ അഖിറ' എന്ന നാടകം അരങ്ങിലെത്തുന്നു.
തികച്ചും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. ഒൻപത് നാടക ഉത്സവരാവുകളിലേക്ക് കൃത്യം എട്ട് മണിക്ക് മുമ്പായി ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലേക്ക്, എല്ലാ നാടക പ്രേമികളുടെയും കല ആസ്വാദകരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, പ്രോഗ്രാം കൺവീനർ വിനോത് അളിയത്ത് (3378 2001)