മനാമ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായി മാറിക്കഴിഞ്ഞ ബഹ്‌റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷ പരിപാടിയായ 'ശ്രാവണത്തോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും സംഘവും അവതരിപ്പിച്ച ഗാനമേള ബഹ്റൈനിലെ സംഗീത പ്രേമികൾക്ക് അവിസ്മരണീയമായ ഒരു രാവായി.
സംഗീതത്തിന്റെ വസന്തം തീർത്ത്‌കൊണ്ട് കെ.എസ്. ചിത്രയോടൊപ്പം പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും അണിനിരന്ന പരിപാടിയിൽ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് സമാജം ഡയമണ്ട് ജൂബിലി ഹാളിനകത്തും പുറത്തുമായി ഒത്തുകൂടിയത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായികയായ കെ.എസ്. ചിത്ര വേദിയിലെത്തിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് അവരെ വരവേറ്റത്. തന്റെ മാന്ത്രിക ശബ്ദത്തിൽ അവർ പാടിയ ഓരോ ഗാനവും സദസ്സിനെ ഗൃഹാതുരത്വത്തിന്റെ ലോകത്തേക്ക് കൊണ്ടുപോവുകയും.ഓരോ പാട്ടും സദസ്സ് ഏറ്റുപാടുകയും ചെയ്തു.
രാജഹംസമേ, മാലേയം മാറോടഞ്ഞു കല്യാണ തേൻ നില, തുടങ്ങിയ ക്ലാസിക് ഗാനങ്ങൾക്കൊപ്പം പുതിയകാല ഹിറ്റുകളും ഓണപ്പാട്ടുകളുടെ ഫ്യുഷനും കോർത്തിണക്കി അവതരിപ്പിച്ച ഈ ഗാനമേള, പ്രവാസജീവിതത്തിൽ ഓണത്തിന്റെ ഓർമ്മകൾക്ക് കൂടുതൽ മധുരം പകർന്നതായി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ്ജ് തുടങ്ങിയ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി

