മനാമ: പാഠ്യപദ്ധതിയെ കൂടുതൽ ഫലപ്രദമാക്കാനും കുട്ടികളുമായി മികച്ച ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടു കൊണ്ട് നാട്ടറിവുകളും നാട്ടുനന്മകളും മുൻനിർത്തി മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററും ബഹ്റൈൻ കേരളീയ സമാജം മലയാള പാഠശാലയും സംയുക്തമായി "വേരറിവ് നേരറിവ് " എന്ന പേരിൽ അധ്യാപക പരിശീലന കളരി സംഘടിപ്പിച്ചു.
കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്ക്കാര ജേതാവും പ്രമുഖ
നാടക- നാടൻകലാ പ്രവർത്തകനും മലയാളം മിഷൻ റിസോഴ്സ് പേഴ്സണുമായ ഉദയൻ കുണ്ടംകുഴിയാണ് ക്യാമ്പ് നയിച്ചത്.
നാടൻ പാട്ടുകളും നാട്ടറിവുകളും കേവലം വിനോദോപാധികൾ എന്നതിലുപരി, കുട്ടികളുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്ന മികച്ച വിദ്യാഭ്യാസ ഉപാധികളാണെന്നും, ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് കുട്ടികളിൽ പഠനത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുകയും അവരെ കൂടുതൽ അറിവുള്ളവരും സാമൂഹികമായി ഇടപെടുന്നവരുമാക്കി മാറ്റുകയും ചെയ്യും എന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് കളരി ചിട്ടപ്പെടുത്തിയതെന്ന് ഉദയൻ കുണ്ടംകുഴി പറഞ്ഞു.
മലയാളം മിഷൻ്റെ സ്ഥാപകാംഗവും ആദ്യ ചെയർമാനുമായിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച പരിശീലന കളരിക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ.നായർ സ്വാഗതവും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ എന്നിവർ ആശംസകളും ചാപ്റ്റർ കോർഡിനേറ്റർ രജിത അനി കൃതജ്ഞതയും രേഖപ്പെടുത്തി.
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളായ ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ പ്രതിഭ, പ്രവാസി ഗൈഡൻൻസ് ഫോറം, ഗുരുദേവസോഷ്യൽ സൊസൈറ്റി, മുഹറഖ് മലയാളി സമാജം, യൂണിറ്റി ബഹ്റൈൻ ,തുടങ്ങിയവയിൽ നിന്നുള്ള അൻപതിൽപ്പരം അധ്യാപകർ പരിശീലന കളരിയിൽ പങ്കെടുത്തു. ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷ് ഏകോപനം നിർവ്വഹിച്ചു.

