ഗംഗയുടെ വയലിൻ വിസ്മയം ബഹ്റൈനിൽ
മനാമ: വയലിൻ സംഗീതത്തിൻ്റെ മാന്ത്രികത കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലപ്പുറം സ്വദേശിനി ഗംഗ ശശിധരൻ ബഹ്‌റൈനിൽ വയലിൻ കച്ചേരി അവതരിപ്പിക്കുന്നു.
ബഹ്‌റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണം 2025 ൻ്റെ ഭാഗമായി സെപ്റ്റംബർ 19 വെള്ളിയാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി.
ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ട് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഗംഗ അവതരിപ്പിക്കുന്ന കച്ചേരിക്ക് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. വിഖ്യാത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ വയലിൻ സംഗീതത്തിൽ ആകൃഷ്ടയായി നാലര വയസ്സിൽത്തന്നെ വയലിൻ പഠനം ആരംഭിച്ച ഗംഗ വൈക്കം മഹാദേവ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ച സംഗീത പരിപാടികൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
12-ാ വയസ്സിൽ തന്നെ സംഗീത ലോകത്ത് തൻ്റേതായ ഒരിടം കണ്ടെത്തിയ ഗംഗയുടെ കച്ചേരി ബഹ്‌റൈനിലെ കലാസ്വാദകർക്ക് അവിസ്മരണീയമായ സാംസ്കാരിക വിരുന്നായിരിക്കുമെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.വിശദവിവരങ്ങൾക്ക് വർഗ്ഗീസ് ജോർജ്ജ് ( ശ്രാവണം ജനറൽ കൺവീനർ) 39291940

