• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

മനാമ:  പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായി മാറിക്കഴിഞ്ഞ ബഹ്‌റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷ പരിപാടിയായ 'ശ്രാവണത്തോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും സംഘവും അവതരിപ്പിച്ച ഗാനമേള ബഹ്റൈനിലെ സംഗീത പ്രേമികൾക്ക് അവിസ്മരണീയമായ ഒരു രാവായി.

സംഗീതത്തിന്റെ വസന്തം തീർത്ത്‌കൊണ്ട് കെ.എസ്. ചിത്രയോടൊപ്പം പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും അണിനിരന്ന പരിപാടിയിൽ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് സമാജം ഡയമണ്ട് ജൂബിലി ഹാളിനകത്തും പുറത്തുമായി ഒത്തുകൂടിയത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായികയായ കെ.എസ്. ചിത്ര വേദിയിലെത്തിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് അവരെ വരവേറ്റത്. തന്റെ മാന്ത്രിക ശബ്ദത്തിൽ അവർ പാടിയ ഓരോ ഗാനവും സദസ്സിനെ ഗൃഹാതുരത്വത്തിന്റെ ലോകത്തേക്ക് കൊണ്ടുപോവുകയും.ഓരോ പാട്ടും സദസ്സ് ഏറ്റുപാടുകയും ചെയ്തു.

 രാജഹംസമേ, മാലേയം മാറോടഞ്ഞു കല്യാണ തേൻ നില, തുടങ്ങിയ ക്ലാസിക് ഗാനങ്ങൾക്കൊപ്പം പുതിയകാല ഹിറ്റുകളും ഓണപ്പാട്ടുകളുടെ ഫ്യുഷനും  കോർത്തിണക്കി അവതരിപ്പിച്ച ഈ ഗാനമേള, പ്രവാസജീവിതത്തിൽ ഓണത്തിന്റെ ഓർമ്മകൾക്ക് കൂടുതൽ മധുരം പകർന്നതായി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ,  ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ്ജ് തുടങ്ങിയ ഭാരവാഹികൾ  പരിപാടിക്ക് നേതൃത്വം നൽകി

ബഹ്‌റൈൻ കേരളീയ സമാജം 'ശ്രാവണം' ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ  സ്റ്റാർ സിംഗർ ഗായകരായ അനുശ്രീ, നന്ദ, ബൽറാം, ശ്രീരാഗ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

സ്റ്റാർ സിംഗർ മത്സരത്തിലൂടെ ശ്രദ്ധേയരായ ഇവർ അവതരിപ്പിച്ച ഗാനമേള, പുതിയ ഗാനങ്ങൾകൊണ്ടും യുവജനങ്ങളായ ആസ്വാദകരുടെ പങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധേയമായി.


ഗാനമേളയ്ക്ക് മുൻപ് നടന്ന ഔദ്യോഗിക ചടങ്ങിൽ, 'ശ്രാവണം' ഓണാഘോഷ പരിപാടികളുടെ സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വിതരണം ചെയ്തു.

അറുപതിലധികം സ്പോൺസർമാരുടെ സഹകരണത്തോടെയാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും, സമാജത്തിന് അവർ നൽകുന്ന പിന്തുണ വർഷങ്ങളായി സമാജം നേടിയെടുത്ത വിശ്വാസത്തിന്റെയും ജനപ്രീതിയുടെയും തെളിവാണെന്നും പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.


ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, 'ശ്രാവണം' ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ ആശംസകൾ നേർന്നു. കലാവിഭാഗം കൺവീനർ റിയാസ് ഇബ്രാഹിം പരിപാടിയുടെ അവതാരകനായിരുന്നു
 
Previous Next

ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങളിൽ ഓണത്തിന്റെ നിറപ്പൊലിമ നിറയ്ക്കാൻ, ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ചിരിക്കുന്ന 'ശ്രാവണം 2025' ഓണാഘോഷങ്ങൾക്ക് സംഗീതത്തിന്റെ മാധുര്യം പകരാൻ പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയും യുവഗായകരും എത്തുന്നു.

സെപ്റ്റംബർർ 11, 12 (വ്യാഴം, വെള്ളി) തീയതികളിലാണ് സംഗീത പരിപാടി.

പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ 'ഐഡിയ സ്റ്റാർ സിംഗർ സീസൺ 9'-ലൂടെ സംഗീത ലോകത്ത് തങ്ങളുടേതായൊരിടം കണ്ടെത്തിയ അനുശ്രീ, നന്ദ, ബൽറാം, ശ്രീരാഗ് എന്നിവർ നയിക്കുന്ന സംഗീതനിശ സെപ്റ്റംബർ 11 വാഴാഴ്ച രാത്രി 7.30 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.

കെ.എസ് ചിത്ര, മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവർ പങ്കെടുക്കുന്ന ഗാനമേള സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകുന്നേരം 7.00 നാണ്.
ഓണപ്പൊലിമയിൽ അലിഞ്ഞുചേരുന്ന  പ്രവാസികളുടെ കാതുകൾക്ക് കുളിർമയേകാൻ സംഗീതരംഗത്തെ പ്രതിഭകൾ അണിനിരക്കുമ്പോൾ, മെലഡിയുടെ ഇന്ദ്രജാലവും ക്ലാസിക്കൽ ഗാനങ്ങളുടെ സൗന്ദര്യവും താളാത്മക ഗാനങ്ങളുടെ ഉണർവും ഒത്തുചേരുന്ന ഒരു സംഗീതവിരുന്നാണ്  ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കിയിരിക്കുന്നത്.

ഓണാഘോഷത്തിൻ്റെ വർണ്ണപ്പൊലിമയിൽ, സംഗീതത്തിന്റെ മാന്ത്രികത കൂടി ചേരുമ്പോൾ, പ്രവാസലോകത്തെ സംഗീതാസ്വാദകർക്ക് അതൊരു അവിസ്മരണീയ നിമിഷമായിരിക്കുമെന്നും എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗീസ് ജോർജ്ജ്(ജനറൽകൺവീനർ, ശ്രാവണം) 39291940

 ബഹ്റൈൻ കേരളീയ  സമാജത്തിൻ്റെ ഓണാഘോഷമായ 'ശ്രാവണം 2025' -ൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പുടവ മത്സരം കാണികളുടെ മനം കവർന്നു. കുട്ടികളും മുതിർന്നവരുമടങ്ങിയ നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു..
പരമ്പരാഗതമായ ഓണവസ്ത്രങ്ങളെ നൂതന ആശയങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ച മത്സരാർത്ഥികൾ വേറിട്ടൊരനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.
സർഗ്ഗാത്മകതയും കരവിരുതും ഒത്തുചേർത്ത് തയ്യാറാക്കിയ ഓണപ്പുടവകൾ വേദിയിൽ അണിനിരന്നപ്പോൾ അതൊരു ദൃശ്യവിരുന്നായി മാറി. കസവ് മുണ്ടുകൾ, സെറ്റ് സാരികൾ, പട്ടുപാവാടകൾ,  ബ്ലൗസുകൾ എന്നിവ വ്യത്യസ്തമായ രീതിയിൽ അലങ്കരിച്ചും, പരമ്പരാഗത ആഭരണങ്ങൾ ഉപയോഗിച്ചും മത്സരാർഥികൾ തങ്ങളുടെ സൃഷ്ടികൾ മനോഹരമാക്കി.

ആധുനികതയുടെ അതിപ്രസരത്തിൽ അന്യമാകുന്ന നാടൻ പാരമ്പര്യത്തെ ഓർമ്മിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കേരളത്തിൻ്റെ തനത് പൈതൃകവും സംസ്കാരവും പ്രവാസി സമൂഹത്തിൽ നിലനിർത്തുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പറഞ്ഞു.

കേരളത്തിൻ്റെ തനതായ വസ്ത്രധാരണ രീതിയുടെ സൗന്ദര്യവും ലാളിത്യവും വിളിച്ചോതിയ മത്സരത്തിൽ ടീം സമുദ്ര ഒന്നാം സ്ഥാനവും, ടീം ലൈബ്രറി സ്റ്റാർസ് രണ്ടാം സ്ഥാനവും, ടീം ഹൃദയപൂർവ്വം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മത്സരത്തിനു മുന്നോടിയായി സമാജം പാഠശാല അധ്യാപകർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും, ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി കുട്ടികൾ അവതരിപ്പിച്ച ഗാനമാലികയും അരങ്ങേറി.

വർഗീസ് ജോർജ് (ശ്രാവണം ജനറൽ കൺവീനർ) റിതിൻ രാജ് (പ്രോഗ്രാം കൺവീനവർ)
സൈറ പ്രമോദ്, ബിജോയ്‌ ഭാസ്കർ, അനീഷ് അമ്പലത്തിൽ (ജോയിൻറ് കൺവീനർമാർ) എന്നിവർ മത്സരത്തിൻ്റെ ഏകോപനം നിർവ്വഹിച്ചു

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോക്ക് ഡാൻസ് മത്സരങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് ഡാൻസുകളുടെ വൈവിധ്യം കൊണ്ടും അവതരണമികവുക്കൊണ്ടും ശ്രദ്ധേയമായി.

 ഒന്നര മാസത്തോളം നീണ്ടുനിൽക്കുന്ന സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നിരവധി മത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോക്ക് ഡാൻസിൽ ടീം ബാറ്റിൽ ഗേൾസ്, ടീം ബഹറിൻ ഒഡിയ സമാജ്, ടീം നാഗ എന്നിവർ സമ്മാനാർഹരായി.

 ബഹ്റൈൻ കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

 ഫോക്ക് ഡാൻസ് മത്സരങ്ങളുടെ കൺവീനർമാരായ ജോയ് പോളി, ജഗദീഷ് ശങ്കർ, ശ്രീനാ ശശി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 ഉത്സവാന്തരീക്ഷത്തിൽ നടന്ന മത്സരങ്ങളിൽ ഡ്രം മ്യൂസിക്കിന്റെ അവതരണവും നടന്നു.
 ഇന്ത്യൻ സംസ്കാരത്തിന്റെ വർണ്ണ വൈവിധ്യങ്ങൾ അടയാളപ്പെടുത്തിയ ഫോക് ഡാൻസ് മത്സരത്തിൽ പങ്കെടുത്ത വിവിധ ടീമുകൾ, മത്സരം കാണാൻ എത്തിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കാണികൾക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങളോടനുബന്ധിച്ച്   അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പി ജയചന്ദ്രൻ മ്യൂസിക്കൽ അവാർഡിന്റെയും പി ജയചന്ദ്രന്റെ ഗാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനമേളയിലും മുഖ്യാതിഥിയായി എത്തുന്ന കേരളത്തിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ രവി മേനോൻ  സംസാരിക്കുന്നു.

മലയാള ഗാനരചനയുടെയും സംഗീത നിർവാഹണത്തെയും കുറിചുള്ള ചരിത്രപരവും കൗതുകം ജനിപ്പിക്കുന്നതുമായ നിരവധി കഥകൾ പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പങ്കുവെച്ച് മലയാളി സംഗീതാസ്വാദകരുടെ പാട്ടു സാഹിത്യകാരനായി മാറിയ ശ്രീ രവി മേനോൻ മലയാളത്തിലെ പ്രമുഖ ഗാനങ്ങളുമായി ബന്ധപ്പെടുത്തിയും ഗാനങ്ങൾക്ക് പുറകിലുള്ള ചരിത്രത്തെക്കുറിച്ചും സംസാരിക്കുന്ന വസന്തകാലത്തിന്റെ ഓർമ്മകളിലൂടെ എന്ന പ്രോഗ്രാമിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ബഹറൈൻ കേരളീയ സമാജംസമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.

 അവധി ദിവസമായ സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന മുഖാമുഖം പരിപാടിയിൽ
 പി ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി, ഒ എൻ വി കുറുപ്പ്, അർജുനൻ മാഷ്, ദേവരാജൻ, എം എസ് വിശ്വനാഥൻ, എം ബി ശ്രീനിവാസ് തുടങ്ങിയ സംഗീത പ്രതിഭകളുടെ ജീവിതത്തെയും സംഗീത സംഭാവനകളെയും അനുസ്മരിച്ച് സംസാരിക്കുന്നതായിരിക്കുമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.

 സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം 7. 30 മുതൽ ആരംഭിക്കുന്ന പി ജയചന്ദ്രന്റെ ഗാനങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഗാനമേളയിൽ പ്രമുഖ പിന്നണിഗായകരായ പന്തളം ബാലൻ, രവിശങ്കർ, പ്രമീള തുടങ്ങിയവരും പങ്കെടുക്കും

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery